ഓരോ വ്യക്തിക്കും അവരവരുടെ കാലമാണ് മികച്ചത് എന്ന് തോന്നുന്ന മായിക കാലമാണ് കലാലയജീവിതം...
ജീവിതത്തിന്റെ ഏതു കൈപ്പുനിറഞ്ഞ കാലത്തും ഓർമിക്കാൻ, അയവിറക്കാൻ നമുക്കുസ്വയം അസൂയ ഉണർത്താൻ ശേഷിയുള്ള ഒരേയൊരു കാലമേയുള്ളൂ...
ഒന്ന് രണ്ടു വർഷങ്ങൾക്കുമുൻപ് മുഖപുസ്തകത്തിൽ ഒരു വിദ്യാർഥിനിയുടേത് എന്ന് തോന്നുന്ന,കാവ്യ മാധവന്റെ ചിത്രമുള്ള പ്രൊഫൈലിൽ കാതോലിക്കറ്റ് കലാലയ ജീവിതം അയവിറക്കിയ ഒരു കുറിപ്പിൽ പരാമർശം എന്നേക്കുറിച്ചാണെന്ന് കണ്ട് ഒരു സുഹൃത്ത് എനിക്കയച്ചുതന്നു. എന്റെ രോമകൂപങ്ങൾ ബ്രഷ് പോലെ എഴുന്നേൽപ്പിച്ചുനിരത്തിയ ആ കുറിപ്പിലെ ഒരുഭാഗം ഇപ്രകാരമായിരുന്നു...
"രാവിലെ ഒരു ബുള്ളറ്റിന്റെ ശക്തമായ കടകട ശബ്ദത്തിന് ഞങ്ങൾ കൂട്ടുകാരികൾ കാതോർക്കുമായിരുന്നു. ഒരു പ്രത്യേക താളത്തിൽ കയറ്റം കയറി അതടുത്തു വരുമ്പോൾ നെഞ്ചിടിപ്പിന്റെ താളം മാറുന്നത് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട് . കറുത്ത ഹാഫ് ഷൂ ധരിച്ച മുണ്ടും ഷർട്ടും ഇട്ട താടിയും കണ്ണടയുമുള്ള, ഒരു കറുത്ത ബാഗ് തൂക്കി (ആ ബാഗിൽ ബോംബും വടിവാളും ഉണ്ടെന്നാണ് ക്യാമ്പസിലെ പെൺകുട്ടികളുടെ അടക്കം പറച്ചിൽ)ഒറ്റ നോട്ടത്തിൽ തന്നെ പരുക്കനെന്ന് തോന്നിക്കുന്ന ആൾ കടന്നുവരുന്ന കാഴ്ചയ്ക്കായി ഞങ്ങൾ ജനലിനടുത്ത് തിക്കി തിരക്കുമായിരുന്നു, വൈറ്റ് ഹൗസിന്റെ ഇറക്കത്തിൽ ഒരു ശീൽക്കാരശബ്ദത്തോടെ അതോഫുചെയ്യുന്നത് ഇന്നുമെന്റെ കാതിലുണ്ട്. ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റിന്റെ പോർച്ചിൽ ഈ സ്ഥലം എന്റേത് മാത്രം എന്ന അഹങ്കാരത്തോടെ ഇരിക്കുന്ന ആ ബുള്ളറ്റ് കാണാൻ മാത്രം ഞങ്ങൾ ആ വഴി എത്രയോ വട്ടം പോയിരിക്കുന്നു ആരും കാണാതെ ഞാൻ അതിനെ എത്രയോ വട്ടം തഴുകിയിരിക്കുന്നു, അതിന്റെ ക്രാഷ് ഗാർഡിനുള്ളിൽ വടിവാൾ ഉണ്ടെന്ന് എന്റെ ക്ലാസ്സിലെ ഒരു KSU ക്കാരൻ പറഞ്ഞപ്പോൾ ശരിയാണോന്നു നോക്കാൻ പലവട്ടം തിരിച്ചു വരെ നോക്കിയിട്ടുണ്ട്. അന്ന് അർത്ഥമൊന്നും തോന്നാത്ത കറുത്ത ടാങ്കിലെ വെള്ള എബ്ലം 'പോലീസ് ' എന്നവിദേശ ബ്രാൻഡിന്റെതാണെന്ന് ഇന്ന് വിദേശജീവിതത്തിനിടയിലാണ് തിരിച്ചറിയുന്നത്. ഇതേ വാഹനം ഉള്ള മറ്റൊരാൾ ഇംഗ്ലീഷിലെ Reji Varghese സർ ആയിരുന്നു. ഇതേ ബുള്ളറ്റ് 'പ്രിൻസി' യുടെ ഓഫീസിലേക്ക് ഓടിച്ചു കയറ്റിയത് കാണാൻ ഉള്ളഭാഗ്യം എന്റെ കൂട്ടുകാരിക്ക് കിട്ടിയപ്പോൾ ഹോ എനിക്കുണ്ടായ നഷ്ടബോധം , അവളെന്നെ പലവട്ടം വിളിച്ചതാണ് അവളോടൊപ്പം ഫീസടക്കാൻ ചെല്ലാൻ, ഞാൻ മടിപിടിച്ചിരുന്നു. ഇതുവരെ കോളേജ് കണ്ടിട്ടില്ലാത്തത്ര പോലിസ് അകമ്പടിയോടെ രാജകീയമായി അത് തിരിച്ചിറങ്ങുന്നത് കണ്ടു ഞാൻ നിർവൃതി അടഞ്ഞു"
എന്നെപ്പൊലെഒരാൾക്ക് ആനന്ദലബ്ദിക്കിനിയെന്തുവേണം ...!!!
അപ്പോൾ പറഞ്ഞു വന്നത് ബുള്ളറ്റ്, എനിക്ക് ഒരു ഐഡന്റിറ്റി ഉണ്ടാക്കി തന്നത് ഇതാണെന്ന് ബോധ്യപെട്ടല്ലോ.
KLB 2780 എന്ന എൻഫീൽഡ് വാങ്ങാൻ പോയത് എന്റെ സുഹൃത്തുക്കൾ ആനന്ദും Viswagiri മധുവും ചേർന്നാണ്.അമേരിക്കയിലേക്ക് കുടിയേറിക്കഴിഞ്ഞ എന്റെ മാർത്തോമ്മാ സ്കൂളിലെ സഹപാഠി ഷോണിയുടെ പേരിലായിരുന്നു അപ്പോഴും ആ വണ്ടി. ഓർമ്മ ശരിയാണെങ്കിൽ ഇരുപത്തയ്യായിരം രൂപയായിരുന്നു വില. ഞാനും ആനന്ദും കൂടി പോയപ്പോൾ വീണ് ആനന്ദിന്റെ പല്ലുപൊയതൊഴികെ വലിയ അപകടങ്ങളൊന്നും കൂടാതെഅല്ലറ ചില്ലറ തൊലി പോകുന്ന വീഴ്ചകളുമായി ഞങ്ങൾ പൊരുത്തത്തോടെ കഴിഞ്ഞു...! തിരുവന്തപുരം പ്രസ്സ്ക്ലബ്ബിലെയും കൈരളിയിലെയും ജീവിതത്തിൽ അവനും എന്നോടൊപ്പം ഉണ്ടായിരുന്നു.
ലക്ഷ്യമില്ലാതെ ജിപ്സിയെപ്പോലെ ഞങ്ങൾ എത്രയെത്ര യാത്രകൾ നടത്തി, അപ്രധാന വഴികളിലൂടെയുള്ള എത്രയോ ബാംഗ്ലൂർ കോയമ്പത്തൂർ മംഗലാപുരം യാത്രകൾ, കോട്ടയത്ത് എം ജി യുണിവേഴ്സിറ്റിയിലേക്ക് ഉള്ള നിരന്തര യാത്രകൾ, അരിപ്പയിൽ ദശദിന ക്യാമ്പിനു പോയി രണ്ടാമത്തെയോ മൂന്നാമത്തെയോ ദിവസം ജൂനിയർ വിദ്യാർഥികളെ റാഗ് ചെയ്ത Anjuraj Raj നെചാണകവെള്ളം തളിച്ചതിന് പുറത്താക്കിയപ്പോൾ, രാത്രിയിൽ Anish Bursomമും Tharakanനും Swathyയും കൂടി തെങ്കാശിയിലെ തരകന്റെ തോട്ടത്തിലേക്ക് പോയ യാത്ര ഇപ്പോഴും മനസ്സിൽ തങ്ങി നിൽക്കുന്നു. ദശദിനം ഞങ്ങൾ അവിടെയങ്ങു തികച്ചു...!
ഇംഗ്ലണ്ടിലേക്ക് തിരിക്കുന്ന 2003 മെയ് മാസത്തിൽ അടുത്തൊന്നും തിരികെ വരില്ല എന്നതോന്നലിലും സാമ്പത്തികമായ ചില ബുദ്ധിമുട്ട് ഒഴിവാക്കാനും എന്റെ ഒരു ബന്ധുവിന് വിറ്റിട്ടാണ് കടൽ കടന്നത്. പക്ഷെ മൂന്നാം മാസം തന്നെ തിരികെ നാട്ടിൽ എത്തിയപ്പോൾ എന്നെ വേദനിപ്പിച്ചത് വണ്ടി കൊടുക്കേണ്ടിയിരുന്നില്ല എന്ന നഷ്ടബോധമാണ്. ഏകദേശം ഒരു വർഷത്തിനകം അത് വാങ്ങണം എന്ന തോന്നൽ മനസ്സിൽ വന്നപ്പോഴേക്കും അതു കൈമറിഞ്ഞു പോയിരുന്നു. ഓരോ യാത്രകളിലും എന്റെ കണ്ണുകളും മനസ്സും KLB 2780 നെ വീഥികളിൽ തിരയുന്നുണ്ടായിരുന്നു. മൂന്നുവർഷം മുൻപ് ചെങ്ങന്നുരിനടുത്ത് ഈ വണ്ടിയുണ്ട്എന്നറിഞ്ഞ് ഞാൻ ചെന്നപ്പോഴേക്കും തലേദിവസം അതിന്റെ ഉടമസ്ഥൻ അത് അദ്ദേഹത്തിന്റെ ജോലിസ്ഥലമായ ഡൽഹിയിലേക്ക് കൊണ്ടുപോയിരുന്നു. ഈ മാസം തുടക്കത്തിൽ ഓൺലൈനിൽ നോക്കിയപ്പോൾ 2003 മുതൽ എട്ടോളം കൈകൾ മാറി അത് പുനലൂർ അടുത്ത് ഒരാളുടെ പേരിലാണെന്ന് കണ്ടു. ഉടൻ തന്നെ അഡ്രസ് സംഘടിപ്പിച്ചുതന്ന മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർആയ എന്റെ സുഹൃത്ത് Shefiq ഷഫീക്കിന് നന്ദി. എന്തായാലും 13 വർഷങ്ങൾക്കുശേഷം എന്റെ 'സ്വന്തം' വണ്ടി ഞാൻ സ്വന്തമാക്കി ...എന്റെ അഭാവത്തിൽ പോയി വണ്ടി വാങ്ങിയ ചന്ദുവിനും നന്ദി.
കലാലയ ജീവതത്തിൽ എന്നെ ആക്രമിക്കാൻ കഴിയാത്ത ദേഷ്യത്തിൽ ആവാഹനത്തെ ആക്രമിച്ച ധീരന്മാരുണ്ട്.എന്ത് ചെയ്‌താൽ എനിക്ക് വേദനിക്കും എന്നവർക്ക് ബോധ്യമുള്ളതുപോലെ ...! ഇതെനിക്ക് വെറുമൊരു യന്ത്രമല്ല, വാഹനമല്ല. എന്റെ ഏറ്റവും സുന്ദര സുരഭില കാലത്തെ എന്റെ ഭാഗം. എന്നെ ഓർക്കുന്ന കൂട്ടത്തിൽ ആ കാലഘട്ടത്തിലെ ക്യാമ്പസ് മുഴുവൻ ഓർത്തു വയ്ക്കുന്ന സമരചരിത്രതിന്റെ ഭാഗം..മറ്റുള്ളവർക്ക് നിസ്സാരം എന്ന് തോന്നാം പക്ഷെ ഈ ചെറിയ ജീവിതത്തിൽ ഇത്തരം കുഞ്ഞുകുഞ്ഞു സന്തോഷങ്ങളാണ് എന്നെ മുന്നോട്ടുനയിക്കുന്നത്...
എന്റെ ബുള്ളറ്റിന്റെ കഥഎഴുതിയ കാവ്യാ മാധവന്റെ പ്രൊഫൈൽ ചിത്രമുള്ള കൂട്ടുകാരി, പല മുഖങ്ങളും കാണുമ്പോൾ അതു നീയാണോ എന്ന് ഞാൻ സന്ദേഹിക്കാറുണ്ട് ...!!!




ReplyDeleteافضل شركة رش مبيدات بالاحساء